2012, ജൂലൈ 3, ചൊവ്വാഴ്ച

പട്ടയമില്ലാതെ പട്ടയങ്ങളുടെ തമ്പുരാന്‍‍

ജാലകം
രവീന്ദ്രന്‍ ഇവിടെത്തന്നെയുണ്ട്‌. ഈ ഇടുക്കിയില്‍തന്നെ. നിത്യവും ഓഫീസ്‌ കയറിയിറങ്ങിക്കൊണ്ടേയിരിക്കുകയാണ്‌ ഇപ്പോള്‍ രവീന്ദ്രന്റെ തൊഴില്‍. എന്തിനെന്നോ? ഒരു പട്ടയത്തിനായി. പൈതൃക സ്വത്തായ നാലേക്കര്‍ ഭൂമിക്ക്‌ പട്ടയം തേടി അലയുകയാണ്‌ 'രവീന്ദ്രന്‍ പട്ടയ'ത്തിന്റെ ഉപജ്‌ഞാതാവായ രവീന്ദ്രന്‍...

രവീന്ദ്രന്‍ ഒരു പട്ടയമല്ല, ചരിത്രമാണ്‌. ഹൈറേഞ്ചിന്റെ കുടിയേറ്റ മേഖലകളില്‍ പട്ടയം കൊണ്ടെഴുതിയ ചരിത്രം. ഒരു സര്‍ക്കാരിനെ പിടിച്ചു കുലുക്കിയ, ഒരു ജനസമൂഹത്തെ വിറപ്പിച്ച, ഒരുപാട്‌ ചോദ്യങ്ങള്‍ ഉയര്‍ത്തിയ ചരിത്രം.

എം.ഐ രവീന്ദ്രന്‍ എന്ന പെരിങ്ങാശേരി രവീന്ദ്രന്‍ ദേവികുളം താലൂക്കില്‍ അഡീഷണല്‍ തഹസില്‍ദാരായിരിക്കേ ഒപ്പിട്ടു നല്‍കിയ 530 പട്ടയങ്ങളാണ്‌ പിന്നീട്‌ രവീന്ദ്രന്‍ പട്ടയമെന്ന പേരില്‍ 'കുപ്രസിദ്ധി'യാര്‍ജിച്ചത്‌. ഇത്‌ എല്ലാവരും അറിഞ്ഞ ചരിത്രം. ഇനി ആരുമറിയാത്ത ചരിത്രത്തിന്റെ മറുവശം നോക്കാം. പണ്ടു പട്ടയം ഒപ്പിടാനുളള അധികാരവുമായി താനിരുന്നിരുന്ന കസേരകള്‍ക്ക്‌ മുന്നില്‍ വിനീതവിധേയനായി നില്‍ക്കുകയാണ്‌ രവീന്ദ്രന്‍. പ്രമേഹവും ഹൃദ്രോഗവും അലട്ടുന്ന ശരീരവുമായി..., പിതാവ്‌ കുടുംബവിഹിതമായി തന്ന നാലേക്കര്‍ വസ്‌തുവിന്‌ പട്ടയം ലഭിക്കാനുളള അപേക്ഷയുമായി.... എന്തൊരു വിരോധാഭാസം!.

ഇവിടെ അനാവരണം ചെയ്യപ്പെടുന്നത്‌ വിവാദങ്ങള്‍ക്കിടയില്‍ ആരും കാണാതെ പോയ 'പട്ടയക്കാരനായ രവീന്ദ്ര'ന്റെ മറ്റൊരു മുഖമാണ്‌. നിസഹായതയുടെ, അവിശ്വസനീയതയുടെ, ചരിത്രത്തിന്റെ മലക്കം മറിച്ചിലുകളുടെ റീ ലോഡഡ്‌ വേര്‍ഷന്‍...

തൊടുപുഴ താലൂക്കില്‍ പെരിങ്ങാശേരി സ്വദേശിയായ രവീന്ദ്രന്‌ അച്‌ഛന്‍ ഇട്ടിയാതിയില്‍ നിന്ന്‌ പൈതൃകമായി ലഭിച്ചതാണ്‌ ആ നാലേക്കര്‍. രവീന്ദ്രന്റെ കുടുംബം പെരിയാര്‍ ഭാഗത്തുനിന്ന്‌ തലമുറകള്‍ക്ക്‌ മുന്‍പ്‌ കുടിയേറി പാര്‍ത്തതാണ്‌. 1902 ജൂണ്‍ 24 ന്‌ തിരുവിതാംകൂര്‍ സര്‍ക്കാര്‍ പെരിങ്ങാശേരി ഉള്‍പ്പെടെയുളള സ്‌ഥലങ്ങള്‍ റിസര്‍വ്‌ വനമായി പ്രഖ്യാപിച്ചു. വനഭൂമിയുടെ അവകാശം സംബന്ധിച്ച ലക്ഷ്‌മണരേഖയായ 1977 ജനുവരി ഒന്നിന്‌ മുന്‍പ്‌ കുടിയേറിയതാണ്‌ രവീന്ദ്രന്റെ കുടുംബം. റിസര്‍വ്‌ വനമായി പ്രഖ്യാപിച്ച പെരിങ്ങാശേരി ഉള്‍പ്പെടെയുളള സ്‌ഥലങ്ങള്‍ 1957 ല്‍ വനേതര ആവശ്യങ്ങള്‍ക്കായി വിട്ടുകൊടുത്തു. റിസര്‍വ്‌ വനം ഡിറിസര്‍വ്‌ വനമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ 1963-ല്‍ ഉത്തരവിറക്കി. ട്രൈബല്‍ സെറ്റില്‍മെന്റുകളിലുളള ആദിവാസികളുടേയും മറ്റു നാട്ടുകാരുടേയും കൈവശഭൂമിക്ക്‌ പട്ടയം കൊടുക്കാന്‍ 1973-ല്‍ സര്‍ക്കാര്‍ വീണ്ടുംഉത്തരവിട്ടു. നിയമം അറിയാവുന്ന രവീന്ദ്രന്‍ ഇതെല്ലാം ചൂണ്ടിക്കാണിച്ചിട്ടും പട്ടയം ലഭിച്ചില്ല.

പിതാവ്‌ ഇട്ടിയാതി കൈവശപ്പെടുത്തിയ പത്തേക്കര്‍ സ്‌ഥലം മൂന്നു മക്കള്‍ക്കായി വീതിച്ചു കൊടുത്തപ്പോഴാണ്‌ നാലേക്കര്‍ രവീന്ദ്രന്‌ കിട്ടിയത്‌. ഇത്‌ തന്റെ മൂന്നുമക്കള്‍ക്കുമായി രവീന്ദ്രന്‍ വീതിച്ചു നല്‍കി. ഇതിന്‌ നിയമസാധുത തേടിയാണ്‌ രവീന്ദ്രന്നെ പിതാവിന്റെ അലച്ചില്‍.

എം.ഐ രവീന്ദ്രന്‍ പട്ടയമായി മാറുന്നു....

പട്ടയമാകുന്നതുവരെ രവീന്ദ്രന്‍ വെറും സാധാരണക്കാരനായിരുന്നു. പട്ടയങ്ങള്‍ വന്നപ്പോള്‍ പ്രശസ്‌തനായി. 530 പട്ടയങ്ങള്‍ ഒപ്പിട്ടു നല്‍കിയ രവീന്ദ്രന്‌ സ്വന്തമായി എത്ര പട്ടയം വേണമെങ്കിലും ഉണ്ടാക്കാമായിരുന്നു. പട്ടയം നല്‍കിയതിന്‌ ലക്ഷങ്ങള്‍ പ്രതിഫലമായി വാങ്ങാമായിരുന്നു. കാരണം അദ്ദേഹം ഒപ്പിട്ടു നല്‍കിയ പട്ടയം ഉളള കൈവശഭൂമിക്ക്‌ ഇന്ന്‌ വില കോടികള്‍ കവിയും. ഈ രവീന്ദ്രനെ ആരും അറിയാതെയും കാണാതെയും പോയി.

1998-ല്‍ ദേവികുളം താലൂക്ക്‌ ഓഫീസില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ ആയി മാറ്റംലഭിക്കുന്നതോടെയാണ്‌ രവീന്ദ്രന്റെ ജീവിതത്തില്‍ വഴിത്തിരിവുണ്ടാകുന്നത്‌. രണ്ടുമാസം കഴിഞ്ഞപ്പോള്‍ അതേ ഓഫീസില്‍ ഹെഡ്‌ക്വാര്‍ട്ടേഴ്‌സ് ഡപ്യൂട്ടി തഹസില്‍ദാര്‍ ആയി അന്നത്തെ ജില്ലാകലക്‌ടര്‍ റ്റി.കെ. ജോസ്‌ പ്രത്യേക താല്‍പര്യമെടുത്ത്‌ നിയമിച്ചു.

എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ ഭരണകാലം. സംസ്‌ഥാനത്ത്‌ കൈവശഭൂമിക്ക്‌ പട്ടയമില്ലാത്തവര്‍ക്ക്‌ സമയബന്ധിതമായി പട്ടയം കൊടുക്കാന്‍ തീരുമാനിക്കുന്നു. ഇതിന്റെ ഭാഗമായി ഇടുക്കി ജില്ലയിലും പട്ടയം വിതരണം ചെയ്യാന്‍ നടപടി തുടങ്ങി. റവന്യൂവകുപ്പിലെ സീനിയോറിറ്റി സംബന്ധിച്ച്‌ കോടതിയില്‍ കേസും സ്‌റ്റേയും നിലനില്‍ക്കുന്നതിനാല്‍ തഹസില്‍ദാര്‍ തസ്‌തികയിലേക്ക്‌ സംസ്‌ഥാനത്ത്‌ പ്രൊമോഷന്‍ നടക്കാതിരിക്കുകയായിരുന്നു. പലയിടത്തും തസ്‌തികകള്‍ ഒഴിഞ്ഞു കിടന്നു.

ദേവികുളത്ത്‌ തഹസില്‍ദാര്‍, അഡീഷണല്‍ തഹസില്‍ദാര്‍ തസ്‌തികകള്‍ ഒഴിഞ്ഞു കിടക്കുകയായിരുന്നു. പട്ടയവിതരണം സമയബന്ധിതമായി തീര്‍ക്കുന്നതിന്‌ വേണ്ടി അഡീഷണല്‍ തഹസില്‍ദാരുടെ ചുമതല അധികമായി ഹെഡ്‌ക്വാര്‍ട്ടേഴ്‌സില്‍ ഡപ്യൂട്ടി തഹസില്‍ദാരായ രവീന്ദ്രനും എക്‌സിക്യൂട്ടീവ്‌ മജിസ്‌ട്രേറ്റിന്റെ ജോലിചെയ്യുന്ന തഹസില്‍ദാര്‍ക്കുളള ചാര്‍ജ്‌ റവന്യൂ ഡിവിഷണല്‍ ഓഫീസിലെ സീനിയര്‍ സൂപ്രണ്ട്‌ ചെല്ലപ്പനും നല്‍കിക്കൊണ്ട്‌ 98 ഡിസംബര്‍ 26 ന്‌ ജില്ലാ കലക്‌ടര്‍ ഉത്തരവിട്ടു.

പട്ടയ നടപടികളുടെ ഭാഗമായി ജില്ലാകലക്‌ടര്‍ ദേവികുളം താലൂക്കില്‍ 9 വില്ലേജുകളിലായി 4251.38.97 ഹെക്‌ടര്‍ ഭൂമിക്ക്‌ പട്ടയം നല്‍കാന്‍ അനുവാദം നല്‍കി. താലൂക്ക്‌ ലാന്‍ഡ്‌ അസൈന്‍മെന്റ്‌ കമ്മറ്റിയുടെ ശിപാര്‍ശ പ്രകാരം ജില്ലാകലക്‌ടറായിരുന്നു അനുമതി നല്‍കിയത്‌. 2532 പട്ടയങ്ങള്‍ മേള നടത്തി വിതരണം ചെയ്യാനായിരുന്നു തീരുമാനം. നടപടികള്‍ ആരംഭിച്ചതോടെ താലൂക്കിലെ എല്ലാ പ്രധാന രാഷ്‌ട്രീയ പാര്‍ട്ടികളുടേയും ശക്‌തമായ ശിപാര്‍ശകള്‍ രവീന്ദ്രന്‌ മുന്നിലെത്തി.

99 മാര്‍ച്ച്‌ 30 ന്‌ തൊടുപുഴ ടൗണ്‍ഹാളില്‍ വച്ച്‌ ജില്ലാതല പട്ടയവിതരണമേള നടന്നു. വിതരണോദ്‌ഘാടനം അന്നത്തെ റവന്യൂമന്ത്രി കെ.ഇ. ഇസ്‌മയില്‍ ആയിരുന്നു. ദേവികുളം താലൂക്കില്‍ നിന്ന്‌ 530 പട്ടയം മാത്രമാണ്‌ വിതരണം ചെയ്യാന്‍ സാധിച്ചത്‌.

പൂച്ചകള്‍ വരുന്നു... രവീന്ദ്രന്‍ സ്‌റ്റാറാകുന്നു

2003 ല്‍ രവീന്ദ്രന്‍ സര്‍വീസില്‍ നിന്ന്‌ വിരമിച്ചു. അതിനുശേഷം നാലുവര്‍ഷം കഴിഞ്ഞാണ്‌ കൈയേറ്റമൊഴിപ്പിക്കലുണ്ടാകുന്നതും വി.എസ്‌ അയച്ച മൂന്നു പൂച്ചകള്‍ മൂന്നാര്‍ ഇളക്കി മറിക്കുന്നതും. ഇതോടെ ദേവികുളം താലൂക്കില്‍ നല്‍കിയ 530 പട്ടയങ്ങള്‍ രവീന്ദ്രന്‍ പട്ടയമായി. കൈയേറ്റവും വ്യാജപട്ടയങ്ങളും വാര്‍ത്തകളില്‍ നിറഞ്ഞപ്പോള്‍ വ്യാജമായതെന്തിന്റെയും ബ്രാന്‍ഡ്‌ നെയിമായി രവീന്ദ്രന്‍ മാറി. ഐ.എസ്‌.ഐ മുദ്രയില്ലാത്ത ഹെല്‍മറ്റുകള്‍ക്ക്‌ വരെ 'രവീന്ദ്രന്‍ ഹെല്‍മറ്റ്‌' എന്ന വിളിപ്പേരുണ്ടായി. പണ്ട്‌ 'കുന്നംകുളം മേഡി'നുണ്ടായിരുന്ന ഖ്യാതി രവീന്ദ്രന്റെ പേരിലായി. രവീന്ദ്രന്‍ ദൗത്യസംഘത്തിന്റെയും ക്രൈംബ്രാഞ്ചിന്റെയും നോട്ടപ്പുളളിയായി.

കുരുക്കിയതു സര്‍ക്കാരിന്റെ പിഴവ്‌...

രവീന്ദ്രന്‌ അഡീഷണല്‍ തഹസില്‍ദാരുടെ ചുമതല നല്‍കിയ ജില്ലാകലക്‌ടറുടെ ഉത്തരവ്‌ റവന്യൂവകുപ്പ്‌ ഗസറ്റില്‍ വിജ്‌ഞാപനം ചെയ്യാന്‍ മറന്നു പോയതായിരുന്നു എല്ലാ പുകിലുകള്‍ക്കും കാരണമായത്‌. 99 ല്‍ വിതരണം ചെയ്‌ത പട്ടയത്തിന്‌ 2002 വരെ സര്‍ക്കാര്‍ കരം സ്വീകരിച്ചിരുന്നു. ഇതിന്‌ ശേഷമാണ്‌ നിയമത്തിന്റെ നൂലാമാലകള്‍ ഉണ്ടാകുന്നത്‌.

രവീന്ദ്രന്‌ അഡീഷണല്‍ തഹസില്‍ദാരുടെ അധികചുമതല നല്‍കിയ ജില്ലാ കലക്‌ടറുടെ ഉത്തരവിന്റെ പകര്‍പ്പ്‌ മേല്‍നടപടിക്കായി ലാന്‍ഡ്‌ റവന്യൂ കമ്മീഷണര്‍ക്ക്‌ അയച്ചിരുന്നു. ജില്ലാകലക്‌ടറുടെ ഉത്തരവ്‌ സ്‌റ്റാറ്റ്യൂട്ടറി റഗുലേറ്റി ഓര്‍ഡര്‍ ആയി ഗസറ്റില്‍ വിജ്‌ഞാപനം ചെയ്യാന്‍ അവര്‍ മറന്നു. അതോടെ തഹസില്‍ദാരുടെ ജോലികള്‍ ചെയ്‌തെങ്കിലും നിയമപ്രകാരം രവീന്ദ്രന്‍ തഹസില്‍ദാര്‍ അല്ലെന്ന്‌ വന്നു. ജില്ലാ കലക്‌ടറുടെ ഉത്തരവ്‌ അധികാര വികേന്ദ്രീകരണ പദ്ധതി പ്രകാരം നിയമപ്രാബല്യം ഉളളതാണ്‌. ഡപ്യൂട്ടി തഹസില്‍ദാര്‍ക്ക്‌ ജില്ലാ കലക്‌ടറുടെ അധികാരം നല്‍കികൊണ്ട്‌ 1969 ഏപ്രില്‍ 10 ന്‌ 3317/04/69 ആര്‍.ഡി നമ്പരായി വിജ്‌ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇത്തരം ഉത്തരവുകള്‍ നിലനിന്നിട്ടും ജില്ലാ കലക്‌ടറുടെ ഉത്തരവ്‌ ഗസറ്റില്‍ വിജ്‌ഞാപനം ചെയ്‌തില്ല. ഇതിന്‌ ഉത്തരവാദി രവീന്ദ്രനോ പട്ടയം വാങ്ങിയ സ്‌ഥലം ഉടമകളോ ആയിരുന്നില്ല. എന്നിട്ടും പട്ടയങ്ങള്‍ നിയമവിരുദ്ധമായി. അത്‌ രവീന്ദ്രന്‍ പട്ടയവുമായി.

വിരമിക്കുന്നതിന്‌ 15 മിനിറ്റ്‌ മുന്‍പ്‌ സസ്‌പെന്‍ഷന്‍ ഉത്തരവ്‌

അപൂര്‍വതകള്‍ രവീന്ദ്രന്റെ ജീവിതത്തില്‍ ആദ്യമായിട്ടല്ല. വിരമിക്കുന്നതിന്‌ പതിനഞ്ചു മിനിറ്റ്‌ മുന്‍പ്‌ സസ്‌പെന്‍ഷന്‍ ഉത്തരവ്‌ ഒപ്പിട്ടു വാങ്ങാനും രവീന്ദ്രന്‌ വിധിയുണ്ടായി.

2003 മാര്‍ച്ച്‌ 30 ന്‌ വൈകിട്ട്‌ ദേവികുളം താലൂക്ക്‌ ഓഫീസില്‍ രവീന്ദ്രന്റെ യാത്രയയപ്പ്‌ ചടങ്ങ്‌ നടക്കുന്നു. ജീവനക്കാര്‍ക്ക്‌ പുറമേ രവീന്ദ്രന്റെ ഭാര്യയും മക്കളുമെല്ലാം ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്‌. 4.45 ന്‌ പ്രത്യേകദൂതന്‍ വശം രവീന്ദ്രനുളള സസ്‌പെന്‍ഷന്‍ ഉത്തരവ്‌ എത്തി. രവീന്ദ്രന്‍ മാത്രമല്ല, സദസിലുണ്ടായിരുന്നവരും ഞെട്ടി. ദേവികുളം ആര്‍.ഡി.ഓഫീസിന്‌ മുന്നില്‍ മൂന്നു സെന്റ്‌ സ്‌ഥലത്തിന്‌ അനധികൃതമായി പട്ടയം നല്‍കിയെന്നതായിരുന്നു കുറ്റം.

മുന്‍ ഗവ.പ്ലീഡറുടെ സഹോദരന്‍ നല്‍കിയ അപേക്ഷ പ്രകാരമാണ്‌ മൂന്ന്‌ സെന്റിന്‌ പട്ടയം നല്‍കിയത്‌. ഇതിന്റെ സ്‌കെച്ചിനും മഹസറിനും തമ്മില്‍ വ്യത്യാസമുണ്ടെന്ന്‌ കാട്ടിയായിരുന്നു സസ്‌പെന്‍ഷന്‍.

വിരമിക്കുന്ന ദിവസം സസ്‌പെന്‍ഷനിലായെങ്കിലും തുടര്‍ നടപടികള്‍ ഒന്നുമുണ്ടായില്ല. തൊട്ടടുത്ത മാസം മുതല്‍ കൃത്യമായി പെന്‍ഷനും മറ്റ്‌ ആനുകൂല്യങ്ങളും ലഭിക്കുന്നുമുണ്ട്‌. ഇപ്പോള്‍ രവീന്ദ്രന്‍ സ്വയം ചോദിക്കുന്ന ചോദ്യം ആര്‍ക്കു വേണ്ടിയായിരുന്നു ആ സസ്‌പെന്‍ഷന്‍ എന്നാണ്‌.

രവീന്ദ്രന്‍ പട്ടയം പകുതി മാത്രം വ്യാജന്‍

മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കലിനിടെ അന്ന്‌ മുഖ്യമന്ത്രിയായിരുന്ന അച്യുതാനന്ദന്‍ പല തവണ മലക്കം മറിഞ്ഞു. രവീന്ദ്രന്‍ പട്ടയം മുഴുവന്‍ വ്യാജനാണെന്നായിരുന്നു ആദ്യം വി.എസ്‌ പറഞ്ഞത്‌. എന്നാല്‍, പാര്‍ട്ടി ഓഫീസുകള്‍ സംരക്ഷിക്കാനുളള സമ്മര്‍ദം ഘടകകക്ഷികളില്‍ നിന്നുമുണ്ടായപ്പോള്‍ പകുതി രവീന്ദ്രന്‍ പട്ടയങ്ങള്‍ ഒറിജിനലാണെന്ന്‌ അദ്ദേഹത്തിന്‌ പ്രഖ്യാപിക്കേണ്ടി വന്നു.

ഈ സമയം രവീന്ദ്രന്‍ പരസ്യമായി ഇടപെട്ടു. താന്‍ നല്‍കിയ പട്ടയങ്ങള്‍ എല്ലാം യഥാര്‍ഥമാണെന്നും പകുതി ഒറിജിനലാണെന്ന്‌ പറയുന്നവര്‍ അത്‌ മുഴുവന്‍ റദ്ദാക്കണമെന്നും സധൈര്യം വെല്ലുവിളിച്ചു. പക്ഷേ, സര്‍ക്കാര്‍ അതിന്‌ തയാറായില്ലെന്ന്‌ മാത്രമല്ല അതെല്ലാം ഇപ്പോഴും സാധുവായി തുടരുന്നു. അതില്‍ ഒരു പട്ടയം മാത്രം റദ്ദു ചെയ്‌തു. സി.പി.ഐ ഓഫീസിന്‌ നല്‍കിയിരുന്ന പതിനൊന്നര സെന്റിന്റെ പട്ടയമാണ്‌ അവരുടെ അപേക്ഷ പ്രകാരം 2008 ല്‍ റദ്ദ്‌ ചെയ്‌തത്‌.

ഇപ്പോഴും രവീന്ദ്രനെ തേടി നിരവധി പേരെത്തുന്നു. വിനോദസഞ്ചാര മേഖലകളിലും ഇടുക്കി ജില്ലയിലും വസ്‌തുവാങ്ങാന്‍ എത്തുന്ന വമ്പന്മാര്‍. അവര്‍ക്ക്‌ വേണ്ടത്‌ രവീന്ദ്രന്റെ നിയമോപദേശമാണ്‌. തങ്ങള്‍ വാങ്ങാന്‍ പോകുന്ന വസ്‌തു ഒറിജിനലാണോ എന്നറിയണം. അത്‌ ആധികാരികമായി പറയാന്‍ ഒരേയൊരു രവീന്ദ്രന്‍ മാത്രമാണുളളത്‌. ഇനി പറയൂ ആരാണ്‌ ഒറിജിനല്‍. രവീന്ദ്രനോ? അതോ സര്‍ക്കാരോ? - ജി. വിശാഖന്‍

1 അഭിപ്രായം:

  1. ഇരിപ്പിടത്തില്‍ നിന്നാണ് ഇവിടെയെത്തിയത്. രവീന്ദ്രന്റെ ദുരവസ്ഥ വളരെ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചിരിക്കുന്നു. പത്രങ്ങളിലെ ഫീച്ചറുകള്‍ വായിക്കുന്ന ഒരു പ്രതീതിയുണ്ടായിരുന്നു. വളരെ ഇഷ്ടപ്പെട്ടു. ആശംസകള്‍...
    ഈ വേര്‍ഡ് വേരിഫിക്കേഷന്‍ കമന്റിടുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഡാഷ്‌ബോര്‍ഡില്‍ സെറ്റിംഗ്‌സില്‍ പോസ്റ്റ് ആന്‍ഡ് കമന്റ്‌സ് എന്നതില്‍ ഷോ വേര്‍ഡ് വേരിഫിക്കേഷന്‍ എന്നത് 'നോ' എന്നാക്കുക.

    മറുപടിഇല്ലാതാക്കൂ

>

Follow by Email

ലേബലുകള്‍