പണവും അധികാരവും ഉണ്ടെങ്കില്‍ എന്തുമാകാമെന്നതിന്റെ തെളിവുകളില്‍ ഒന്നാണ് ഐസ്‌ക്രീം പാര്‍ലര്‍ കേസ്.

പണവും അധികാരവും ഉണ്ടെങ്കില്‍ എന്തുമാകാമെന്നതിന്റെ തെളിവുകളില്‍
ഒന്നാണ് ഐസ്‌ക്രീം പാര്‍ലര്‍ കേസ്. മുസ്ലീംലീഗിന്റെ കരുത്തനായ നേതാവും
ഇപ്പോള്‍ സംസ്ഥാന വ്യവസായമന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടി
'മുഖ്യപ്രതി'സ്ഥാനത്തുള്ള പെണ്‍വാണിഭക്കേസ് സംസ്ഥാന പൊലീസിന്റെ വിവിധ
വിഭാഗങ്ങള്‍ അന്വേഷണം തുടങ്ങിയിട്ട് വര്‍ഷങ്ങളായി.
ഇപ്പോള്‍ കേസ് സി
ബി ഐ ഏറ്റെടുക്കണമെന്നാണ് കേസില്‍ നിര്‍ണായകമായ ചില വിവരങ്ങള്‍
വെളിപ്പടുത്തിയ കെ എ റൗഫിന്റെ ആവശ്യം. ഐസ്‌ക്രീം പെണ്‍വാണിഭക്കേസ്
നടക്കുമ്പോഴും കേസ് അട്ടിമറിക്കപ്പെടുമ്പോഴും പി കെ കുഞ്ഞാലിക്കുട്ടിയുടെ
വിശ്വസ്തനായിരുന്ന, അദ്ദേഹത്തിന്റെ ഭാര്യാസഹോദരീ ഭര്‍ത്താവും ബിസിനസ്
പങ്കാളിയുമായിരുന്ന കെ എ റൗഫ് നടത്തിയ വെളിപ്പെടുത്തല്‍ ഞെട്ടലോടെയാണ്
കേരളം ശ്രവിച്ചത്.
കേസ് അട്ടിമറിക്കാന്‍ എഫ് ഐ ആര്‍ തിരുത്തിയതും
ഹൈക്കോടതി ജഡ്ജിമാര്‍ക്ക് പണം കൊടുത്ത് സ്വാധീനിച്ചതും പീഡനം നടന്ന
കെട്ടിടം തന്നെ തെളിവ് നശിപ്പിക്കാന്‍ ഇടിച്ചുനിരത്തി കൃഷിയിടമാക്കിയതും
കേസൊതുക്കാന്‍ കോടികള്‍ ചെലവഴിച്ചതും എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത്
മുഖ്യമന്ത്രി ഇ കെ നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി നടത്തിയ
ഇടപെടലുമൊക്കെ റൗഫ് വെളിപ്പെടുത്തിയിട്ടും കേസിന്റെ സ്ഥിതി പഴയതു തന്നെ.
ഇനി സി ബി ഐ അന്വേഷിച്ച് ഐസ്‌ക്രീം കേസിലെ പ്രതികളെ ജയിലിലടയ്ക്കുമെന്ന്
വിശ്വസിക്കാനാകുമോ?
കേരളത്തില്‍ കോളിളക്കമുണ്ടാക്കിയ ചില കേസുകള്‍ സി
ബി ഐ അന്വേഷിച്ച് എങ്ങുമെത്താതെ കിടക്കുന്നുണ്ടെന്ന വസ്തുത
കണക്കിലെടുത്താല്‍ ഐസ്‌ക്രീം കേസിനും ഇതുതന്നെയല്ലേ ഗതിയെന്ന് ആരെങ്കിലും
ചിന്തിച്ചാല്‍ അവരെ കുറ്റം പറയാനാകുമോ? ചേകന്നൂര്‍ മൗലവി കേസ്, സിസ്റ്റര്‍
അഭയ കേസ്, കിളിരൂര്‍-കവിയൂര്‍, സൂര്യനെല്ലി പെണ്‍വാണിഭക്കേസുകള്‍,
പാലക്കാട് സമ്പത്തിന്റെ കസ്റ്റഡിമരണം തുടങ്ങി സി ബി ഐ അന്വേഷണം
ഉണ്ടായിട്ടും അതിലെ ഇരകള്‍ക്ക് നീതി നല്‍കാന്‍ ഇന്ത്യയിലെ ഈ പരമോന്നത
അന്വേഷണ സംവിധാനത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
മുന്‍പറഞ്ഞ കേസില്‍
പ്രതികള്‍ ആരൊക്കെയെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടും വ്യക്തമായ
തെളിവുകളുടെ അഭാവം മുഖ്യപ്രതികളുടെ അറസ്റ്റിന് വിഘാതമായി. പണത്തിന്റെയും
സ്വാധീനത്തിന്റെയും മറവില്‍ എല്ലാ തെളിവുകളും തേഞ്ഞുമാഞ്ഞുപോയ
ശേഷമായിരിക്കും പലപ്പോഴും ഇത്തരം കേസുകള്‍ അവസാനം സി ബി ഐയുടെ പക്കലെത്തുക.
പിന്നീട് അന്വേഷണം മതിയാക്കി തടിയൂരാനായിരിക്കും സി ബി ഐയുടെയും ശ്രമം.
ചേകന്നൂര്‍ മൗലവിയുടെ തിരോധാനവും പിന്നീട് അദ്ദേഹത്തെ
കൊലപ്പെടുത്തിയതാണെന്ന സ്ഥിരീകരണവും പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്ന
ചിലരുടെ അറസ്റ്റുമൊക്കെ നടന്നെങ്കിലും ഈ കേസിന് പിന്നിലുള്ള ഗൂഢാലോചനയും
അതിന് നേതൃത്വം നല്‍കിയതും ആരെന്ന് വ്യക്തമാണെങ്കിലും അവരെ തൊടാന്‍
അന്വേഷണസംവിധാനത്തിന് ശേഷിയില്ല.
ഇതുതന്നെയാണ് സിസ്റ്റര്‍ അഭയ
കേസിലും സംഭവിച്ചത്. പ്രധാന പ്രതികളെ അഴിക്കുള്ളില്‍ വരെയെത്തിച്ചിട്ടും
അവരെ അന്തിമമായ ശിക്ഷാനടപടിയിലേക്കെത്തിക്കാന്‍ ഇതുവരെ സി ബി ഐയ്ക്ക്
കഴിഞ്ഞിട്ടില്ല. പ്രതികളുടെ പിന്നില്‍ പാറപോലെ ഉറച്ചുനില്‍ക്കുന്ന
സാമുദായിക താല്‍പര്യങ്ങള്‍ നീതിയുടെ കരുത്തിനും അപ്പുറത്തായി
നില്‍ക്കുകയാണ് ഇപ്പോഴും.
കിളിരൂര്‍-കവിയൂര്‍ പെണ്‍വാണിഭക്കേസില്‍
വിചിത്രമായ ചില കണ്ടെത്തലുകള്‍ നടത്തി സി ബി ഐ അപഹാസ്യരായതും നാം കണ്ടു.
അനഘയെ പീഡിപ്പിച്ചവരില്‍ കേരളത്തിലെ ചില പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ വരെ
ഉണ്ടെന്ന ആക്ഷേപം ഉയര്‍ന്നിട്ടും അനഘയെ സ്വന്തം പിതാവ് പീഡിപ്പിച്ചിരിക്കാം
എന്ന സാധ്യതയിലേക്കാണ് അന്വേഷണം അവസാനം എത്തിയത്. സൂര്യനെല്ലിക്കേസിലെ
സ്വാധീനമുള്ള പ്രതികളെല്ലാം രക്ഷപ്പെട്ടപ്പോള്‍ ചില ചെറുമീനുകള്‍ മാത്രം
അന്വേഷണസംഘത്തിന്റെ വലയില്‍ കുടുങ്ങി. പാലക്കാട് സമ്പത്തിന്റെ കസ്റ്റഡി
മരണക്കേസിലെ പ്രധാനപ്രതികള്‍ സംസ്ഥാന പൊലീസിലെ ഉന്നതരായ ഐ പി എസുകാരാണെന്ന്
വെളിപ്പെട്ടിട്ടും അവരെ അറസ്റ്റ് ചെയ്യാനും നീതിപീഠത്തിന്
മുന്നിലെത്തിക്കാനും സി ബി ഐയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
ഇതുപോലെ
ഐസ്‌ക്രീം കേസില്‍ വിവിധ അന്വേഷണസംഘങ്ങള്‍ ഇടപെട്ടു. വിവിധ കോടതികളില്‍
വിചാരണ ചെയ്യപ്പെട്ടു. ശക്തമായ തെളിവുകളും സാക്ഷികളും സാഹചര്യത്തെളിവുകളും
എല്ലാമുണ്ടായി. എന്നിട്ടും ആ കേസ് അട്ടിമറിക്കപ്പെടുന്ന കാഴ്ച നമ്മുടെ
ഭരണനിര്‍വ്വഹണ സംവിധാനത്തെയും നീതിന്യായ രംഗത്തെയും കുറിച്ച് അവിശ്വാസവും
സംശയങ്ങളും അവശേഷിപ്പിക്കുക തന്നെയാണ്. വ്യക്തമായ തെളിവുകളൊന്നും
അവശേഷിപ്പിക്കാതെ, ഇനി ഉണ്ടെങ്കില്‍ തന്നെ കോടികളുടെ പിന്‍ബലത്തില്‍
അവയെല്ലാം അപ്രത്യക്ഷമാക്കാന്‍ കഴിവുള്ളവര്‍ അധികാരസ്ഥാനത്തിരിക്കുമ്പോള്‍
സി ബി ഐക്ക് എന്തുചെയ്യാനാകും? ആരന്വേഷിച്ചാലും തെളിയിക്കാനാകാത്ത
കേസുകളുടെ പട്ടികയിലേക്ക് പോവുകയാണ് ഐസ്‌ക്രീം കേസും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ