2012, ജൂലൈ 9, തിങ്കളാഴ്‌ച

വരുന്നു, സേവനാവകാശനിയമമെന്ന പുലി!

ജാലകം
 service assurance act kerala goverment july2012


വരുന്നു, സേവനാവകാശനിയമമെന്ന പുലി!

തിങ്കള്‍, ജൂലൈ 9, 2012, 11:15 [IST]
സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മൂക്കുകയറിടാന്‍ സേവനാവകാശ നിയമം വരുന്നു. ബില്‍ 23ന് നിയമസഭയില്‍ അവതരിപ്പിക്കും. ആറുമാസത്തിനകം എല്ലാ വകുപ്പുകളും സേവനങ്ങളും അവ നല്‍കുന്നതിനുള്ള സമയപരിധിയും വിജ്ഞാപനം ചെയ്യണം. സേവനാവകാശ നിയമത്തിന്റെ പരിധിയില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്കു പുറമെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാരിന്റെ കീഴിലുള്ള മറ്റു സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടും. സേവനത്തിനുള്ള അപേക്ഷ ലഭിക്കുമ്പോള്‍ തന്നെ അതിന് കൈപ്പറ്റിയതിന്റെ രസീത് നല്‍കണം.
 
നിശ്ചിത സമയപരിധിക്കുള്ളില്‍ സേവനം ലഭ്യമായില്ലെങ്കില്‍ പിഴ നല്‍കണ്ടിവരും. സര്‍ക്കാര്‍ സംവിധാനത്തിലെ അഴിമതി ഇല്ലാതാക്കാനും സമയബന്ധിതമായി പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് സേവനങ്ങള്‍ ലഭ്യമാക്കാനും ലക്ഷ്യമിട്ടുകൊണ്ടാണ് സേവനാവകാശ നിയമം വരുന്നത്. യു ഡി എഫ് സര്‍ക്കാര്‍ വന്‍ പ്രചരണം നല്‍കിയാണ് സേവനാവകാശ നിയമം നടപ്പാക്കുന്നത്.
വിവരാവകാശ നിയമത്തിന്റെ മാതൃകയില്‍ സേവനം പൗരന്റെ അവകാശമാക്കുന്ന നിയമമാണ് സേവനാവകാശ നിയമം. നിലവില്‍ നാല് സംസ്ഥാനങ്ങളില്‍ സേവനാവകാശ നിയമം നിലവില്‍ വരികയോ നടപ്പാക്കുന്ന ഘട്ടങ്ങളിലോ ആണ്. മഹാരാഷ്ട്രയിലും പഞ്ചാബിലും നിയമം നിലവില്‍ വന്നു കഴിഞ്ഞു. ജാര്‍ഖണ്ഡില്‍ നിയമത്തിന്റെ കരട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബീഹാറില്‍ ആഗസ്റ്റ് 15ന് സേവനാവകാശ നിയമം നിലവില്‍ വരും. സേവനം നല്‍കുന്നതിന് വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് പല സംസ്ഥാനത്തും പല നിരക്കിലാണ് പിഴ. 500 മുതല്‍ 5000 വരെയാണ് കുറ്റത്തിന്റെ ഗൗരവമനുസരിച്ച് ശിക്ഷ.
സംസ്ഥാനത്ത്് പൊതുജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ക്ക് സമയപരിധി നിശ്ചയിച്ചുകൊണ്ടുള്ള ബില്ലിന് സര്‍ക്കാര്‍ രൂപം നല്‍കിക്കഴിഞ്ഞു. ബില്‍ ജൂലൈ 23നാണ് നിയമസഭയില്‍ അവതരിപ്പിക്കുക. അപ്പീല്‍ അധികാരികള്‍ ഏതൊക്കെയാണെന്നും സേവനങ്ങളും സമയപരിധിയും വിജ്ഞാപനം ചെയ്യുന്നതോടൊപ്പം പ്രസിദ്ധപ്പെടുത്തും. സേവനം സമയത്തിന് ലഭിച്ചില്ലെങ്കില്‍ 30 ദിവസത്തിനകം ഒന്നാം അപ്പീല്‍ അധികാരിക്ക് അപേക്ഷ നല്‍കാം.
അപ്പീല്‍ അധികാരിക്ക് നിയുക്ത ഉദ്യോഗസ്ഥനോട് നിശ്ചിത കാലാവധിക്കുള്ളില്‍ സേവനം നല്‍കാന്‍ നിര്‍ദേശിക്കുകയോ അപ്പീല്‍ നിരസിക്കുകയോ ചെയ്യാം. അപ്പീലിലെ തീരുമാനം സ്വീകാര്യമല്ലെങ്കില്‍ 60 ദിവസത്തിനകം രണ്ടാം അപ്പീല്‍ അധികാരിക്ക് അപേക്ഷ നല്‍കാം. ഈ അധികാരിക്കും സേവനം നല്‍കാന്‍ നിര്‍ദേശിക്കുകയോ, അപ്പീല്‍ നിരസിക്കുകയോ ചെയ്യാം. സേവനം നല്‍കുന്നതില്‍ വീഴ്ച വരുത്തിയെന്ന് ബോധ്യപ്പെട്ടാല്‍ ഉദ്യോഗസ്ഥന് താമസം വരുത്തിയ ഓരോ ദിവസത്തിനും 250 രൂപ പ്രകാരം പിഴ ഈടാക്കാം. പിഴയുടെ ആകെ തുക 5000ല്‍ കവിയരുതെന്നാണ് കരടിലുള്ളത്.
അപ്പീലില്‍ തീരുമാനമെടുക്കുന്നതിന് വീഴ്ച വരുത്തിയെന്നു കണ്ടെത്തിയാല്‍ ഒന്നാം അപ്പീല്‍ അധികാരിയുടെ മേലും 500 മുതല്‍ 5000 രൂപ വരെ പിഴശിക്ഷ വിധിക്കാന്‍ രണ്ടാം അപ്പീല്‍ അധികാരിക്ക് അധികാരമുണ്ട്. ശിക്ഷ വിധിക്കുംമുമ്പ് അതിന് വിധേയരാകുന്നവരുടെ ഭാഗം കേള്‍ക്കേണ്ടതാണ്. അപ്പീല്‍ വിചാരണ ചെയ്യുമ്പോള്‍ ഈ അധികാരിക്ക് സിവില്‍ കോടതിയുടെ അധികാരമുണ്ടാകും. അപ്പീല്‍ അധികാരിയുടെ തീരുമാനം സിവില്‍ കോടതികളില്‍ ചോദ്യം ചെയ്യാനും ആകില്ല.
സേവനാവകാശ നിയമപ്രകാരം ജനന സര്‍ട്ടിഫിക്കറ്റുകള്‍, ജാതി സര്‍ട്ടിഫിക്കറ്റുകള്‍, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, റേഷന്‍ കാര്‍ഡുകള്‍, വാസസ്ഥല സര്‍ട്ടിഫിക്കറ്റുകള്‍, മരണസര്‍ട്ടിഫിക്കറ്റുകള്‍, വൈദ്യുതി, വാട്ടര്‍ കണക്ഷന്‍, പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് തുടങ്ങിയ പൊതുസേവനങ്ങള്‍ക്ക് സമയപരിധി നിശ്ചയിച്ച് വിജ്ഞാപനം ചെയ്യും.
വിവരാവകാശ നിയമം സര്‍ക്കാരിന്റെ നടപടികള്‍ ഏറിയപങ്കും വെളിച്ചത്തുകൊണ്ടുവരാന്‍ സഹായിച്ചെങ്കില്‍ സേവനനിയമം പൗരന്മാര്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കാന്‍ സഹായിക്കും. വിവരാവകാശ നിയമമാണെങ്കിലും സേവനാവകാശ നിയമമാണെങ്കിലും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇവ രണ്ടിനോടും തൃപ്തികരമായി നിലപാടല്ല ഉള്ളത്. എങ്കിലും കോണ്‍ഗ്രസ് രാഷ്ട്രീയ നേതൃത്വത്തിന്റെ അഭിമാനനടപടികളായി മാറുകയാണ് ഈ രണ്ട് നിയമങ്ങളും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

>

Follow by Email

ലേബലുകള്‍