funny scraps greetings images for orkut, facebook

2015, ജൂലൈ 18, ശനിയാഴ്‌ച

അജ്ഞാതനായ ദൈവം

ഈ ദൈവം ദൈവം എന്ന് വിളിക്കപ്പെടുന്ന കക്ഷിയുണ്ടല്ലോ. മൂപ്പരുടെ സ്ഥാനത്ത് ഞാനായിരുന്നു എങ്കിൽ എന്നാലോചിച്ചപ്പോൾ പെട്ടെന്ന് തോന്നിയ ചില കാര്യങ്ങൾ (കൂടുതൽ ആലോചിച്ചാൽ തീർച്ചയായും ഇതിലും കൂടുതൽ കാണും):
► ഇത്രയും വലിയ ഒരു പ്രപഞ്ചം ഉണ്ടാക്കിയിട്ടിട്ട്, അതിനകത്ത് കടുകുമണിയുടെ പോലും വലിപ്പമില്ലാത്ത ഒരു ഗോളത്തിൽ ലക്ഷക്കണക്കിന് ജീവികളെ സൃഷ്ടിച്ചുവിട്ടിട്ട്, അതിൽ ഒരു ജീവിവർഗം മാത്രം ചെയ്യുന്നതും പറയുന്നതും നോക്കി പ്രതിഫലോം ശിക്ഷേം വിതരണം ചെയ്തോണ്ടിരിക്കില്ലായിരുന്നു.
► ഞാൻ തന്നെ ഉണ്ടാക്കിവിട്ട കുറേ മനുഷ്യജീവികൾ ദൈവമായ ഞാനിങ്ങനെയാണ് അങ്ങനെയാണ് എന്നുംപറഞ്ഞ് നൂറ്റിക്കണക്കിന് വ്യാഖ്യാനം ഉണ്ടാക്കി നൂറ്റിക്കണക്കിന് മതങ്ങൾ ഉണ്ടാക്കാൻ സമ്മതിക്കില്ലായിരുന്നു. ദൈവമായ ഞാൻ ഒന്നെങ്കിൽ, എന്നെ പൂജിക്കാൻ ഒരു മതം ആവശ്യമാണെങ്കിൽ, അതിന് ഒരൊറ്റ മതം മാത്രം മതിയെന്ന് തീരുമാനിക്കാനും അതങ്ങനെ തന്നെ സംഭവിക്കുമെന്ന് ഉറപ്പിക്കാനും എനിയ്ക്ക് കഴിയുമായിരുന്നു.
► എല്ലാവരേയും സൃഷ്ടിക്കാൻ എനിയ്ക്ക് കഴിഞ്ഞെങ്കിൽ, അവരെയെല്ലാം എന്റെ വിശ്വാസികളാക്കി തന്നെ സൃഷ്ടിക്കാനും എനിയ്ക്ക് കഴിഞ്ഞേനെ.
► ഞാനുണ്ടാക്കിവിട്ട ജീവികളിൽ കുറേ പേർ എനിക്കെതിരേ തിരിയുകയും ഞാനില്ല എന്ന് പറയുകയും ചെയ്യുന്ന സാഹചര്യം വന്നാൽ എന്നെ വിശ്വസിക്കുന്ന മറുസംഘത്തിനെ പണിയേൽപ്പിക്കുന്നതിന് പകരം ഞാൻ തന്നെ ചെന്ന് ആ തെറ്റിദ്ധാരണ തിരുത്തിയേനെ. പക്ഷേ അങ്ങനെ വന്നാൽ, ഞാൻ സ്വയം ഉണ്ടാക്കിയ ജീവികൾക്ക് തന്നെ എന്നിൽ വിശ്വാസമില്ലാതായല്ലോ എന്നതിൽ ഞാൻ ലജ്ജിച്ചേനെ.
► ഞാൻ തീരുമാനിക്കുന്ന നല്ല കാര്യങ്ങൾ ചെയ്യാനും, മോശം കാര്യങ്ങൾ ചെയ്യാതിരിക്കാനുമുള്ള നിർദ്ദേശം ഞാൻ തന്നെ സൃഷ്ടിച്ച ജീവികൾക്കായി പുസ്തകത്തിൽ എഴുതി ഇറക്കുന്നതിന് പകരം, അവരെ സൃഷ്ടിക്കുമ്പോൾ തന്നെ അവരെ നല്ലതുമാത്രം ചെയ്യുന്നവരാക്കി ഡിസൈൻ ചെയ്തേനെ.
► എന്റെ സൃഷ്ടികളെല്ലാം എന്നെ പൂജിക്കണമെന്നും പുകഴ്ത്തണമെന്നും ആവശ്യപ്പെടുന്ന അല്പത്തരം കാണിക്കില്ലായിരുന്നു. അഥവാ ഞാനങ്ങനെയൊരു അല്പനാണെങ്കിൽ, അവരത് കൃത്യമായി ചെയ്യുന്ന രീതിയിൽ തന്നെ ഞാനവരെ ഡിസൈൻ ചെയ്തേനെ. (അത് പറ്റിയില്ലെങ്കിൽ പിന്നെ ഞാനിങ്ങനെ സ്രഷ്ടാവെന്നും പറഞ്ഞ് നടക്കുന്നതെന്തിനെഡെയ്!)
► ഇനി അഥവാ ഒരു തമാശയ്ക്ക് പുസ്തകം എഴുതി ഇറക്കിയാൽ തന്നെ, അത് എല്ലാവർക്കും ഒരേ പോലെ മനസിലാകുന്ന ഭാഷയിൽ നേരെ ചൊവ്വേ അങ്ങോട്ട് എഴുതിയേനെ. പുസ്തകവും ഭാഷയും അത് വായിക്കുന്നവരും എന്റെ തന്നെ സൃഷ്ടികളാണെങ്കിൽ, അതിൽ ഓരോരുത്തരും ഓരോന്നാണ് വായിച്ചെടുക്കുന്നത് എന്ന കാര്യം എനിക്ക് നാണക്കേടായി തോന്നിയേനെ.
► ഇനി അഥവാ എന്റെ പുസ്തകം തെറ്റായി വായിച്ചിട്ട് എന്റെ തന്നെ സൃഷ്ടികളിൽ കുറേ പേർ മറ്റ് സൃഷ്ടികളെ കൊല്ലാനിറങ്ങിയാൽ നോക്കിയിരുന്ന് ഇളിക്കുന്നതിന് പകരം ആ നിമിഷം അവിടെ ഇടപെട്ട്, “നിർത്തെടാ മലരേ, ഞാൻ ഇതല്ല അവിടെ എഴുതിയേക്കുന്നത്” എന്ന് വ്യക്തമായി പറഞ്ഞേനെ.
►ജീവികളെ സൃഷ്ടിക്കുമ്പോൾ, ഒരിടത്ത് തിന്നിട്ട് എല്ലിന്റെ ഇടയിൽ കേറുന്നവരേയും മറ്റൊരിടത്ത് തിന്നാൻ കിട്ടാതെ എല്ല് മാത്രം ആയവരേയും ഉണ്ടാക്കി വിടില്ലായിരുന്നു.
►ഞാൻ തന്നെ ഉണ്ടാക്കിവിട്ട ജീവികളെ ‘പരീക്ഷിക്കേണ്ട’ ആവശ്യം എനിക്കുണ്ടാകുമായിരുന്നില്ല. പരീക്ഷിച്ച് നോക്കിയാലേ അവരെക്കുറിച്ച് എന്തെങ്കിലും എനിക്ക് മനസിലാകൂ എങ്കിൽ പിന്നെ സർവജ്ഞനെന്നും പറഞ്ഞ് ഞെളിഞ്ഞിരിക്കാൻ എനിക്ക് ഉളുപ്പ് തോന്നിയേനെ.
പിന്നെ,
►ഞാനായിരുന്നു ദൈവമെങ്കിൽ എന്നെ ഇങ്ങനെ ദൈവദോഷം പറയുന്ന പോസ്റ്റിടാൻ സമ്മതിക്കത്തുമില്ലായിരുന്നു!
By
വൈശാഖൻ തമ്പി

ജാലകം

1 അഭിപ്രായം:

  1. എന്നാല്‍ ആ ദൈവം എന്നെ ഈ പോസ്റ്റ് വായിച്ച് ആദ്യത്തെ കമന്റിടാന്‍ അയച്ചിരിക്കുന്നു വല്‍‌സാ

    മറുപടിഇല്ലാതാക്കൂ

>

IndiBlogger - The Largest Indian Blogger Community

ലേബലുകള്‍